കൊച്ചി: ദുബായിയിൽ നിന്നും സ്വർണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കവർന്ന കണ്ണൂർ സംഘം പിടിയിൽ. ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി സ്വദേശി രജിൽ രാജ് ഉൾപ്പടെ ഏഴംഗ സംഘം ആണ് നെടുമ്പാശ്ശേരി പൊലീസിന്‍റെ അറസ്റ്റിലായത്. സ്വർണ്ണം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ ജില്ലകളിൽ ഒളിവിൽ പോയ പ്രതികളെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. ഗുരുവായൂർ സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് ഗുരുവായൂർ സ്വദേശി നിയാസ് സ്വർണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത് . ഇയാളെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ്ണം കവർന്നത്. പിന്നീട് ആലുവയിൽ നിയാസിനെ ഉപേക്ഷിച്ച് സംഘം അടിമാലി, ആലുവ,കോട്ടയം പ്രദേശങ്ങളിൽ ഒളിവിൽ പോയി. സ്വർണ്ണം പൊട്ടിക്കൽ നടന്നതായി കണ്ടെത്തിയ പൊലീസ് തന്ത്രപരമായി ഇവിടെ തെരച്ചിൽ നടത്തിയാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ തില്ലങ്കരി സ്വദേശി ഷഹീദ്,സുജി,രജിൽരാജ് ,സവാദ്. തലശ്ശേരി സ്വദേശികളായ സ്വരലാൽ, അനീസ്, മുഴക്കുന്ന് സ്വദേശി ശ്രീകാന്ത് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.ഇവർ കണ്ണൂർ ജില്ലയിലെ എക്സ്പ്ലൊസീവ് ആൻറ് ആംസ് ആക്ട് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ്. രജിൽ രാജ് മട്ടന്നൂർ ഷുഹൈബ് വധക്കേസിലും, മുഴക്കുന്ന് വിനീഷ് വധക്കേസിലും പ്രതിയാണ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച രണ്ട് കാറുകളും നെടുന്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദേശത്ത് നിന്ന് സ്വർണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ എയർപ്പോർട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വർണ്ണം കവർച്ച ചെയ്യുന്ന സംഘത്തെയാണ് ജില്ലാ പൊലീസ് സംഘം തന്ത്രപരമായി പിടികൂടിയത്. ഇവർ കടത്തിയ സ്വർണ്ണം കണ്ടെത്തുന്നത് അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. ആലുവ റൂറൽ എസ് പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈഎസ്പി പി എ പ്രസാദ് ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.