കണ്ണൂർ: കെപിസിസി പ്രസിഡന്റായ നിലവിലെ എംപി കെ സുധാകരൻ മത്സരിക്കാനില്ലെങ്കിൽ കണ്ണൂർ ലോക്സഭാ സീറ്റിൽ ആരാകും ഇത്തവണ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയെന്ന ചോദ്യം ഉയരുന്നു. ജില്ലയ്ക്ക് പുറത്തു നിന്ന് ഒരാൾ വരുമെന്ന അഭ്യൂഹങ്ങളാണ് ശക്തം. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുക.
പിടിച്ചെടുത്ത കണ്ണൂർ കൈവിടാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ഇടതിനെയും വലതിനെയും മാറിമാറി തുണച്ച ചരിത്രമാണ് കണ്ണൂർ സീറ്റിന്. രണ്ട് തവണയും കോൺഗ്രസിന്‍റെ വിജയക്കൊടിയേന്തിയത് കെ സുധാകരനായിരുന്നു. 2014 ൽ പികെ ശ്രീമതിയോട് ഏറ്റ തോൽവിക്ക് 2019 ൽ ജയിച്ച് കണക്കുതീർത്ത സുധാകരൻ തുടർച്ചയായ മൂന്നാം പോരിനിറങ്ങുമോ എന്നാണ് ചോദ്യം.
സിറ്റിങ് എംപിയില്ലെങ്കിൽ പല പേരുകൾ അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. എം ലിജുവും കെ ജയന്തും ചർച്ചകളിലുണ്ട്. കെ സുധാകരൻ അവസാന വാക്കായാൽ സമവാക്യങ്ങൾ ഇവരിൽ ആർക്കൊപ്പവും വന്നേക്കാം. ജില്ലയ്ക്ക് അകത്ത് നിന്നാണെങ്കിൽ കണ്ണൂർ മേയർ ടിഒ മോഹനൻ, അമൃത രാമകൃഷ്‌ണൻ, വിപി അബ്‌ദുൾ റഷീദ് എന്നിവർക്കും സാധ്യതയുണ്ട്.
സാമുദായിക പരിഗണനയും ഗ്രൂപ്പ് സമവാക്യങ്ങളുമാകും ഇവരുടെ വഴി തുറക്കുന്നതും അടയ്ക്കുന്നതും. എഐസിസി വക്താവ് ഷമ മുഹമ്മദാണ് സീറ്റിൽ നോട്ടമിടുന്ന ഒരാൾ. ചാരിറ്റബിൾ ട്രസ്റ്റുമായി മണ്ഡലത്തിൽ സജീവമാകാൻ ശ്രമിക്കുന്ന ഷമയ്ക്ക് പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പ് ആദ്യം മറികടക്കേണ്ടി വരും. സിപിഎം കരുത്തരെ ഇറക്കിയാൽ സണ്ണി ജോസഫ് എംഎൽഎ അടക്കം അവസാന നിമിഷം മാറ്റം വന്നേക്കും. സുധാകരൻ തന്നെയും രംഗത്ത് വരാം. കണ്ണൂർ കോൺഗ്രസ് ലിസ്റ്റിലെ സസ്പെൻസ് മണ്ഡലമാകുമെന്നുറപ്പ്.