മാഹി: ആറ് പതിറ്റാണ്ടിലേറെയായി മാഹിയിൽ പിന്തുടരുന്ന കേരള വിദ്യാഭ്യാസ പാഠ്യപദ്ധതി ഒരു മുന്നൊരുക്കവും തയാറെടുപ്പുമില്ലാതെ മാറ്റി പുതുച്ചേരി സർക്കാർ സി.ബി.എസ്.ഇ പാഠ്യപദ്ധതി നടപ്പാക്കുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. 2014ൽ ഗെസറ്റ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ പാഠ്യപദ്ധതി അപ്രായോഗിത കാരണം അഞ്ചാം ക്ലാസിനപ്പുറത്തേക്ക് തുടരാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, മതിയായ അധ്യാപകരെപ്പോ ലും നിയമിക്കാതെ മാഹി വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ 23നാണ് സി.ബി.എസ്.ഇ വെബ്സൈറ്റ് വഴി അംഗീകാരത്തിന് അപേക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയത്. നവംബർ 25ന് പുറപ്പെടുവിച്ച നിർദേശം ഒരുമാസം കഴിഞ്ഞാണ് മാഹിയിൽ എത്തിയത്.
ഇപ്പോൾ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾക്ക് വേണ്ട അഭ്യർഥന നൽകേണ്ടതില്ലെന്നും ആറ്, ഏഴ്, എട്ട്, ഒമ്പത്, 11 ക്ലാസുകളിൽ അടുത്ത വർഷം സി.ബി.എസ്.ഇ പാഠ്യപദ്ധതിയായിരിക്കുമെന്നും വാക്കാലുള്ള നിർദേശമാണ് സ്കൂളുകൾക്ക് ലഭിച്ചിട്ടുള്ളതെന്ന് മാഹിയിലെ അധ്യാപക സംഘടനയായ ജി.എസ്.ടി.എ പ്രസിഡൻറ് പി. യതീന്ദ്രൻ പറഞ്ഞു.
ഏതൊരു പാഠ്യപദ്ധതിയും അനുക്രമമായാണ് നടപ്പാക്കേണ്ടതെന്നിരിക്കെ അഞ്ച് ക്ലാസുകളിൽ ഒരുമിച്ച് നടപ്പാക്കുന്ന വികലമായ രീതി കുട്ടികൾക്ക് പഠനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക. മലയാളം, അറബിക്, ഫ്രഞ്ച് ഭാഷകൾ ഏത് ക്ലാസിൽ ആരംഭിക്കുമെന്നും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.
വ്യത്യസ്ത വിദ്യാഭ്യാസ രീതി പിന്തുടരുന്നതിനാൽ പ്രഫഷനൽ വിദ്യാഭ്യാസത്തിനായി ലഭിക്കുന്ന മേഖല സംവരണം സി.ബി.എസ്.ഇ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ ഇല്ലാതാവാനാണ് സാധ്യത. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും ആശങ്കകൾ മുഖവിലക്കെടുക്കാതെ പാഠ്യപദ്ധതി തിരക്കിട്ട് നടപ്പാക്കുന്ന സമീപനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അധ്യാപക ശാക്തീകരണം നടത്താതെയാണ് പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. ചർച്ചകൾ നടത്തി ഘട്ടംഘട്ടമായി മാത്രം പുതിയ രീതി നടപ്പാക്കണമെന്നാണ് ആവശ്യം.