കണ്ണൂർ: ശ്രീലങ്കയിലെ കൊളംബോയിലെ എയർപോർട്ട് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർനാഷനൽ റോളർ നെറ്റഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് സാഹിർ അഷ്കർ വീണ്ടും ഇന്ത്യക്ക് അഭിമാനമായി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയാണ് സാഹിലും സംഘവും രാജ്യത്തിന്റെ അഭിമാനമായത്. ഈ നേട്ടത്തിലൂടെ ഇന്ത്യക്ക് സെക്കൻഡ് റണ്ണറപ്പ് പദവിയും ലഭിച്ചു. മത്സരത്തിൽ ശ്രീലങ്ക ഓവറോൾ ചാമ്പ്യൻമാരായപ്പോൾ നേപ്പാൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം തവണയും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സാഹിൽ ആഗോള വേദിയിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. തായ്ലൻഡിൽ നടക്കുന്ന അടുത്ത അന്താരാഷ്ട ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ സാഹിൽ അഷ്കർ ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇതിനുള്ള പരിശീലനം നടത്തിവരികയാണെന്ന് സാഹിർ അഷ്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2022 ൽ മലേഷ്യയിൽ നടന്ന മുൻ ഇന്റർനാഷനൽ റോളർ നെറ്റഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച് വിജയത്തിലെത്തിച്ചിരുന്നു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ മെഡൽ ഉറപ്പാക്കുകയും ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. കെ. ജീവരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം. കണ്ണൂർ താണയിലെ പരേതനായ എം.വി. അഷ്കറിന്റെയും ഷെഹ്ല അഷ്കറിന്റെയും മകനായ സാഹിൽ അഷ്കർ കണ്ണൂർ ചിന്മയ സ്കൂൾ പ്ലസ്വൺ വിദ്യാർഥിയാണ്.
അഞ്ചുവയസ്സ് മുതൽ സ്കേറ്റിങ് പഠിക്കുന്ന സാഹിൽ സംസ്ഥാന, ദേശീയതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ ഗോവയിൽ നടന്ന ദേശീയ റോളർ നെറ്റഡ് ബാൾ ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടമാണ് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. 2019ൽ പുതുച്ചേരിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു.