കണ്ണൂർ : തോട്ടടയിൽ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് സംഘടിപ്പിച്ചത് എവിടെനിന്നാണെന്നതിൽ ദുരൂഹത. രണ്ട് ബോംബാണ് എറിഞ്ഞത്. അതിൽ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടർന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. സംഘം വന്ന വാഹനത്തിൽ മറ്റ് ആയുധങ്ങളുമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു ബോംബിന് പുറമേ ഏഴ് ഗുണ്ടുപടക്കവും ലഭിച്ചതായി പോലീസ് പറഞ്ഞു. തലേദിവസം ഉണ്ടായ നിസ്സാര തർക്കത്തിന് പ്രതികാരമായി പിറ്റേന്ന് ഉഗ്രശേഷിയുള്ള ബോംബുമായി യുവാക്കളുടെ സംഘം എത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. വിവാഹസമയംതന്നെ ബോംബാക്രമണത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥ കൊടും ക്രിമിനലുകൾക്കുപോലും ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു. യുവാക്കൾ എവിടെനിന്നാണ് ബോംബ് സംഘടിപ്പിച്ചതെന്ന ചോദ്യം ബാക്കിയാണ്. കണ്ണൂരിൽ രാഷ്ട്രീയസംഘർഷത്തിന്റെ ഭാഗമായി ചില സംഘങ്ങൾ ബോംബുകൾ നിർമിക്കുന്നത് പരസ്യമായ രഹസ്യമാണ്.