കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ തുടർച്ചയായി അഞ്ചാമതും കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ ആവർത്തിക്കുമ്പോഴും പഴയ സംഭവങ്ങളിൽ ഇനിയും നടപടിയുണ്ടായില്ല. സർവകലാശാല പരീക്ഷ കൺട്രോളർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചൊഴിഞ്ഞു എന്നല്ലാതെ കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ല. ഗവർണർ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള പരീക്ഷകളിൽ ചോദ്യപ്പേപ്പർ ആവർത്തിക്കുമ്പോഴും സർവകലാശാല ഇരുട്ടിൽ തപ്പുകയാണ്.
ആദ്യം സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പറുകൾ, പിന്നീട് ബോട്ടണി ബിരുദ പരീക്ഷയുടെ ഒരു പേപ്പർ, ഇപ്പോൾ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഒരു പേപ്പർ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ ഇക്കൊല്ലത്തെ പരീക്ഷകളിൽ ആവർത്തിക്കുന്നത് തുടർക്കഥയാവുകയാണ്. ആദ്യ പരീക്ഷകളിൽ സംഭവിച്ച വീഴ്ചകൾ അന്വേഷിച്ച രണ്ട് അംഗ സമിതി റിപ്പോർട്ട് മെയ് 10ന് സിന്‍റിക്കേറ്റിൽ വച്ചെങ്കിലും വൈസ് ചാൻസിലർ ഒന്നുകൂടെ അന്വേഷിക്കട്ടെ എന്ന നിലപാടാണ് അന്ന് സിന്‍റിക്കേറ്റെടുത്തത്. വിവാദമാകുമ്പോൾ പരീക്ഷ റദ്ദാക്കുകയും പേരിന് ഒരു അന്വേഷണം പ്രഖ്യാപിക്കും എന്നല്ലാതെ മറ്റൊരു നടപടിയും ഇല്ല. വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനാകട്ടെ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന പതിവ് പല്ലവി ആവർത്തിക്കുകയും ചെയ്യും. നേരത്തെ കോടതി മരവിപ്പിച്ച ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ലിസ്റ്റിലെ അധ്യാപകർ തന്നെയാണ് വിവാദങ്ങൾ തുടരുമ്പോഴും ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
ബെംഗളൂരു സർവ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ച് ബി ബി എ സിലബസ് തയ്യാറാക്കിയ സംഭവവും സർവകലാശാലയിൽ ഉണ്ടായി. ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയിൽ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും വലിയ വീഴ്ചയായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പ്രശ്നങ്ങളിൽ ഗവർണർ ഇടപെടുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂർ സർവകലാശാലയിലെ വീഴ്ചകൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.