കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നായിരുന്നു ജനുവരിയില്‍ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഗവര്‍ണര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നത്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു വാദം. സര്‍വകലാശാല നടപടികള്‍ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.
അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെയാണെന്നാണെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം. യോഗ്യതയില്ലാത്തവരെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം വി വിജയകുമാര്‍, അക്കാദമിക്ക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരായിരുന്നു അപ്പീല്‍ നല്‍കിയിരുന്നത്.