കോഴിക്കോട് : നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. പ്രാര്‍ഥനകൾ ഫലം കാണുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഒപ്പം വിധിയുടെ പകര്‍പ്പും ഷെയര്‍ ചെയ്തിട്ടുണ്ട്. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കുറച്ചു മുൻപാണ് പുറത്തുവന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.