ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് മാർച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. മാർച്ച് 28നകം റിസോർട്ട് പൊളിച്ചു നീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഉടമകളിൽ നിന്ന് പണം ഈടാക്കിയാണ് റിസോർട്ട് പൊളിച്ചു നീക്കുന്നതെന്നും പ്രകൃതിക്ക് കുഴപ്പം സംഭവിക്കാത്ത തരത്തിൽ പൊളിച്ചു നീക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് നടപടികൾ വൈകാൻ കാരണമായി സർക്കാർ വിശദീകരിക്കുന്നത്. 2022 സെപ്റ്റംബർ 15 മുതലാണ് കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയത്. ആദ്യം രണ്ടു വില്ലകളാണ് പൊളിക്കാൻ തീരുമാനിച്ചത്.
റിസോർട്ടിനായി കൈയേറിയ സർക്കാർ പുറമ്പോക്ക് ഭൂമി കലക്ടർ വി.ആർ. കൃഷ്ണതേജ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിൽ ശേഷിച്ച 2.9397 ഹെക്ടർ സ്ഥലമാണ് കലക്ടർ ഏറ്റെടുത്തത്. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊളിക്കൽ നടപടിക്ക് അധികൃതർ തീരുമാനിച്ചു.
35,900 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യവുമുണ്ട്. ഇവയിൽ രണ്ട് വില്ലകളാണ് പൊളിക്കാൻ ആരംഭിച്ചത്. പൊളിച്ച സാധനങ്ങൾ കൊണ്ടു പോകുന്നതിന് ഉടമകൾ കരാർ നൽകിയിരിക്കുകയാണ്. പൊളിക്കുന്ന അവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ തന്നെ നീക്കം ചെയ്യണം. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്ന് നിർദേശമുണ്ട്.
പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിരുന്നു. ഇത് പരിശോധിച്ചാണ് അനുമതി നൽകിയത്. റിസോർട്ടിന്റെ പൂർണരൂപവും അവിടെയുള്ള സാധനങ്ങളുടെ വിവരങ്ങളും സംബന്ധിച്ച് വിഡിയോ മഹസറും പൂർത്തിയാക്കിയ ശേഷമായിരുന്നു നടപടി.