കൊച്ചി : വേമ്പനാട് കായൽ കയ്യേറി റിസോർട്ട് നിർമിക്കുന്നതിനിടെ മത്സ്യത്തൊഴിലാളുകളുടെ ഊന്നുവലകള്‍ നശിപ്പിച്ചതിനും കാപികോ റിസോര്‍ട്ട് നഷ്ടപരിഹാരം നൽകേണ്ടി വരും. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹർജി വീണ്ടും പരിഗണിക്കാന്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണലിനോട് സുപ്രീംകോടതി നിർദ്ദേശം നല്‍കിയ സാഹചര്യത്തിലാണിത്. ഹര്‍ജി നല്‍കാന്‍ വൈകിയെന്ന കാരണം പറഞ്ഞ് ട്രൈബ്യൂണല്‍ നേരത്തെ ഈ അപേക്ഷ തള്ളിയിരുന്നു.
കാപികോ റിസോര്‍ട്ട് വരുന്നതിന് മുമ്പ് ഈ പ്രദേശത്ത് ഊന്നുവല ഉപയോഗിച്ച് ഉപജീവനം കണ്ടെത്തിയിരുന്നത് 30 മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ്. ചെമ്മീനും മീനും പിടിച്ച് അന്നന്നത്തെ അത്താഴത്തിന് വഴി കണ്ടെത്തിയവര്‍. എന്നാല്‍ കാപികോ റിസോര്‍ട് നിര്‍മാണം തുടങ്ങിയതോടെ എല്ലാം പാളി. വേമ്പനാട്ട് കായല്‍ ഏഴര ഏക്കര്‍ കയ്യേറി മണ്ണിട്ട് നികത്തിയതോടെ ഈ ഭാഗത്തെ ഊന്നുവലകള്‍ നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവിധ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ചേര്‍ത്തല മുന്‍സിഫ് കോടതിയെ സമീപിച്ചപ്പോള്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. റിസോർട്ട് നിര്‍മാണത്തിനെതിരെയുളള ഹര്‍ജിക്കൊപ്പം ഊന്നുവല നശിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒടുവില്‍ ഇവര്‍ ഹൈക്കോടതിയിലെത്തി.
റിസോര്‍ട്ട് നിര്‍മാണം തടഞ്ഞ ഹൈക്കോടതി , ഊന്നുവലകൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ ഹരിതട്രിബ്യൂണലിനെ സമീപിക്കാൻ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹർജി ട്രിബ്യൂണല്‍ തള്ളി. നിശ്ചിത സമയപരിധിയായ അഞ്ച് വർഷത്തിനുള്ളിൽ ഹർജി നല്‍കിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പക്ഷെ പിന്‍മാറാൻ മല്‍സ്യത്തൊഴിലാളികള്‍ തയ്യാറായില്ല. അറിവില്ലായ്മ കൊണ്ടാണ് ഹര്‍ജി വൈകിയതെന്നും ഇത് മാപ്പാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മാപ്പപേക്ഷ അംഗീകരിച്ച സുപ്രീംകോടതി, ട്രിബ്യൂണലിനോട് ഹർജി വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ടത് രണ്ടു ദിവസം മുമ്പാണ് .ഉത്തരവ് വന്നതിന് തൊട്ടു പിന്നാലെ റിസോട്ടിലെ വില്ലകള്‍ പൊളിഞ്ഞു തുടങ്ങിയെന്നതും ശ്രദ്ധേയമാണ്.