പത്തനംതിട്ട: ബി.ജെ.പി അനുഭാവിയും കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സി.പി.എമ്മില്‍ ചേര്‍ന്നത് വിവാദമാകുന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സി.പി.എം അംഗത്വം കൊടുത്തത്. വെള്ളിയാഴ്ച വൈകീട്ട് കുമ്പഴയിൽ ഇയാളുടെ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയും പാർട്ടിയിൽ രൂക്ഷവിമർശനം ഉയർന്നു.
ശരണിനെക്കൂടാതെ മറ്റ് ചിലരും പാർട്ടിയിൽ ചേർന്നിരുന്നു. നിലവിൽ 12 കേസിലെ പ്രതിയാണ് ശരൺ ചന്ദ്രൻ. എന്നാൽ, ഇയാൾക്കെതിരെ നിലവിൽ കേസുകളില്ലെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ഉദയഭാനു പറയുന്നത്.അതേസമയം, ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പ കേസ് പ്രതി തന്നെയാണെന്നും ആ കേസ് നിലവിലുണ്ടെന്നുമാണ് ജില്ല പൊലീസ് മേധാവി അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ശരണ്‍ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. എന്നാല്‍, നാടുകടത്തിയില്ല. പകരം താക്കീത് നല്‍കി വിട്ടു.
ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനിടെ, പത്തനംതിട്ട സ്‌റ്റേഷനിലെ ഒരു കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില്‍ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 23നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്.
കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ക്കും ഒപ്പമെത്തിയ മറ്റ് ചിലർക്കും സി.പി.എം അംഗത്വം കൊടുത്തത്. മന്ത്രി വീണ ജോര്‍ജ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അടക്കം നേതാക്കള്‍ പങ്കെടുത്തു. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയതാണ് വലിയ വിവാദമായത്.
മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് പാര്‍ട്ടിയിലേക്ക് വന്നതെന്ന് മന്ത്രി വീണ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ചെങ്കൊടിയേന്താൻ തയാറായത്. ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. ഇവരടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാതെ തോമസ് ഐസക്
തിരുവല്ല: കുമ്പഴയിൽ കാപ്പ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തിൽ പ്രതികരിക്കാതെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. നിരവധിയാളുകൾ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വരുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ജില്ല സെക്രട്ടറിയാണ് വിശദീകരിക്കേണ്ടത്. സമീപകാലത്ത് നടന്ന രണ്ട് സംഭവങ്ങളുടെ പേരിൽ എസ്.എഫ്.ഐയെ ആരും ക്രൂശിക്കേണ്ട എന്നും ഐസക് പറഞ്ഞു. പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തുന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇതിന്റെ പേരിൽ എസ്.എഫ്.ഐയെ വേട്ടയാടാൻ അനുവദിക്കില്ല- തോമസ് ഐസക് പറഞ്ഞു.