മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. രോഗനിർണയത്തിന് മുമ്പ് കരീനയും അമൃതയും ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.
അതേ സമയം കൊവിഡ് വകഭേദമായ ഒമിക്രോൺ ജാഗ്രതയിലാണ് രാജ്യം. ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.