മുംബൈ: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ വിമര്‍ശനം. ‘ജാനെ ജാന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു സംഭവം. കരീനയുടെ ഒ.ടി.ടി കന്നി ചിത്രം കൂടിയാണ് ‘ജാനെ ജാന്‍’. ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കുമുന്‍പ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ കൂടെയുള്ളവര്‍ക്കൊപ്പം എണീറ്റുനിന്ന് ഒപ്പം ആലപിക്കുകയായിരുന്നു നടി. എന്നാല്‍, ദേശീയ ഗാനം ആലപിക്കുമ്പോള്‍ അശ്രദ്ധമായും അനാദരവോടെയും നിന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
അറ്റന്‍ഷനില്‍ നില്ക്കുന്നതിനു പകരം കൈ കൂട്ടിപ്പിടിച്ചതും ഇളക്കിയതുമെല്ലാമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അറ്റന്ഷനിലാണു നില്‍ക്കേണ്ടതെന്നും വലിയ താരങ്ങള്‍ക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ഒരു ആരാധകന് കമന്റ് ചെയ്തു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ കൈക്കൂട്ടിപ്പിടിച്ച് അശ്രദ്ധമായി നില്‍ക്കുന്നത്, ഇവിടെയും അഭിനയിക്കുകയാണോ, താരങ്ങള്‍ക്കൊന്നും ഇതൊന്നും അറിയാത്തത് ലജ്ജാകരമാണ്… ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയ്ക്കു താഴെയുള്ള കമന്റുകള്‍.