ദില്ലി : ജമ്മു കശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.