കണ്ണൂർ: കരിപ്പൂർ വിമാനത്താവള വികസനത്തിന് നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും. 14 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുക. ഭൂവുടമകൾക്ക് ഉയർന്ന വില നൽകി ഭൂമി ഏറ്റെടുക്കാനാണ് ധാരണ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
റൺവേയുടെയും റിസയുടെയും വലിപ്പം കൂട്ടാതെ ഇനി വിമാനങ്ങൾക്ക് ഇറങ്ങാനോ വലിയ വിമാനങ്ങൾക്ക് ഇവിടെ നിന്നും സർവീസ് നടത്താനോ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം തന്നെ അറിയിച്ചിരുന്നു. കുറേ കാലങ്ങളായി കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നു. ഭൂമി ഏറ്റെടുത്ത് റൺവേ വികസനം പൂർത്തിയാക്കിയില്ലെങ്കിൽ കരിപ്പൂരിന്റെ ഭാവിയെ ബാധിക്കുമെന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി വി. അബ്ദുറഹിമാനിനാണ് ഭൂമി ഏറ്റെടുപ്പിന്റെ ഏകോപന ചുമതല.