കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായരുടേതാണ് ഉത്തരവ്. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണു നടപടി. ഇതോടെ അർജുൻ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്കു വരും.
സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. വളപട്ടണം സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ കേസും സ്വർണ്ണക്കള്ളക്കടത്ത് ക്വട്ടേഷൻ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു കമ്മിഷണറുടെ റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ അർജുൻ ആയങ്കി നിലവിൽ ജാമ്യത്തിലാണ്.