കർണാടക: ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ച് കർണാടക. ഹുക്ക ഉൽപന്നങ്ങളുടെയും ഷീഷയുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും ഉത്തരവിൽ. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. COTPA (സിഗരറ്റ് ആൻഡ് പുകയില ഉൽപന്നങ്ങൾ നിയമം) 2003, ചൈൽഡ് കെയർ ആൻ്റ് പ്രൊട്ടക്ഷൻ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്റ്റ് 2006, കർണാടക പോയ്സൺ (ഉടമയും വിൽപ്പനയും) ചട്ടങ്ങൾ 2015, ഫയർ കൺട്രോൾ ആൻഡ് ഫയർ പ്രൊട്ടക്ഷൻ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
കഴിഞ്ഞ വർഷം ബംഗളൂരുവിലെ ഹുക്ക ബാറിൽ ഉണ്ടായ തീപിടിത്തം കണക്കിലെടുത്താണ് നിരോധനം ലംഘിക്കുന്നവർക്കെതിരെ അഗ്നി സുരക്ഷാ നിയമങ്ങൾ കൂടി ചുമത്താൻ സർക്കാർ തീരുമാനിച്ചത്. 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിരുന്നു.