മംഗളൂരു: ശിവമൊഗ്ഗയിൽ ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.എ.ല്‍സിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു. ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവമൊഗ്ഗയിലെ സീനപ്പസെട്ടി സർക്കിളിലാണ് സംഭവം.
സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവില വർധിച്ചത്. പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി 29.84 ശതമാനത്തിലേക്കും ഡീസലിനുള്ള നികുതി 18.44 ശതമാനത്തിലേക്കുമാണ് ഉയർന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കൂടി 102.84 രൂപയാകുകയും ഡീസല്‍ ലിറ്ററിന് 3.02 രൂപ കൂടി 88.95 രൂപയാകുകയും ചെയ്തു.
ഭാനുപ്രകാശിന്‍റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അവസാന ശ്വാസം വരെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചയാളാണ് ഭാനുപ്രകാശ്. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണെന്നും വിജയേന്ദ്ര പറഞ്ഞു. ഭാനുപ്രകാശ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റായും ജില്ലാ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.