ബംഗളൂരു: രാജ്യത്തിൻെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറു അല്ലെന്ന് കർണാടക ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബസൻഗൗഡ പാട്ടീൽ യത്നാൽ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണ്. അദ്ദേഹം ഉണ്ടാക്കിയ ഭയമാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു കരണത്തടിച്ചാൽ മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന നിലപാട് കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാതിരുന്നതിന് കാരണം പട്ടിണി സമരങ്ങളല്ലെന്നും മറിച്ച് ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കണമെന്ന തത്വമാണെന്നും ബാലാസാഹെബ് പണ്ടൊരു പുസ്തകത്തിൽ കുറിച്ചിരുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് സുഭാഷ് ചന്ദ്രബോസ് അവർക്കിടയിൽ ഉണ്ടാക്കിയെടുത്ത ഭയം കാരണമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ പോയത്. രാജ്യത്തെ ചില സ്ഥലങ്ങളിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമയത്ത് പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. അന്ന് അവർക്ക് സ്വന്തമായി നോട്ടും, പതാകയും, ദേശീയ ഗാനവും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ആദ്യ പ്രധാനമന്ത്രി നെഹ്റു അല്ലെന്ന്” യത്നാൽ പറഞ്ഞു.
നേരത്തെ ഏഴ് മാസത്തിനുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ താഴെവീഴുമെന്ന ബസൻഗൗഡയുടെ പരാമർശം വിവാദമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി അഴിമതി എന്ന വിപത്തിനെ ഉയർത്തിക്കാട്ടുമെന്നും ആഭ്യന്ത്ര തർക്കങ്ങളായിരിക്കും കോൺഗ്രസ് സർക്കാരിൻെ പതനത്തിന് കാരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.