ബംഗളൂരു: കർണാടകയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് വഴി തന്‍റെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി ഡോ. വികാസ് രാജനെ കൊലപ്പെടുത്തിയത്. വികാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പങ്കാളിയായ ഭാമ (27)യെയും മൂന്ന് സുഹൃത്തുക്കളെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൃത്യം ചെയ്തത് ഭാമയും കാമുകനും ചേർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം.
കൃത്യമായ ആസൂത്രണത്തിന് ശേഷം പ്രതികൾ വികാസിനെ വിളിച്ച് വരുത്തുകയും വെള്ളക്കുപ്പികൊണ്ട് മർദ്ദിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഇയാളെ പ്രതി തന്നെ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ശേഷം യുവതി വികാസിന്‍റെ സഹോദരനെ വിളിച്ച് വികാസ് ആശുപത്രിയിലാണെന്നും സുഹൃത്തുകളുമായുള്ള വഴക്കിൽ പരിക്ക് പറ്റിയതാണെന്നും പറഞ്ഞെന്ന് യുവതി പൊലീസിന് മൊഴിനൽകി.
അന്വേഷണത്തിൽ പ്രതികൾ തെറ്റിദ്ധരിപ്പിച്ചെങ്കിലും പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും സഹായത്തോടെ പൊലീസ് ഭാമയ്ക്ക് വികാസിനെ കൂടാതെ മറ്റൊരു കാമുകനുണ്ടെന്നും അയാളും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതേ സമയം കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ഭാമ പൊലീസിനോട് അറിയിച്ചു. എന്നാൽ കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധമാണ് കൊലപാതകം ആസൂത്രിതമാണെന്ന് തെളിഞ്ഞത്.
രണ്ട് വർഷം മുമ്പ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട വികാസും ഭാമയും ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു. എന്നാൽ ഇതിനിടയിലാണ് കേസിലെ മറ്റു പ്രതിയായ സുശീലുമായി യുവതിക്ക് ബന്ധമുണ്ടെന്ന് വികാസ് അറിയുന്നത്. ഇരുവരുടെയും രഹസ്യബന്ധം കണ്ടെത്തിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വികാസ് എതിർത്തെങ്കിലും യുവതി ഈ ബന്ധം തുടരുകയായിരുന്നു. പിന്നീട് സുശീലും യുവതിയും ചേർന്ന് ഇരയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി യുവതിയെ വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായി. യുക്രെയ്നിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. രാജൻ ചെന്നൈയിലെ ആശുപത്രിയിൽ ജോലി ചെയ്ത ശേഷം രണ്ട് വർഷം മുമ്പ് ബംഗളൂരുവിലേക്ക് മാറിയതായി പോലീസ് പറഞ്ഞു.