ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകയിൽ സന്ദർശനത്തിനെത്തുന്നു. 24,26 തിയ്യതികളിലായാണ് അമിത്ഷായുടെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദി 25 ന് കർണാടകയിൽ എത്തുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ക്യാംപയിനിൽ പങ്കെടുക്കുന്നതോടൊപ്പം മൂന്നു പ്രതിമകളും അമിത്ഷാ അനാച്ഛാദനം ചെയ്യുന്നുണ്ട്.
നിയമസഭക്കു മുമ്പിൽ കേംപഗൗഢ,ബസവേശ്വര എന്നീ പ്രതിമകൾ മാർച്ച് 24ന് അമിത് ഷാ അനാച്ഛാദനം ചെയ്യും. വിവിധ സമുദായങ്ങളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രധാന മന്ത്രി 25നും ഷാ 24,26 തിയ്യതികളും സംസ്ഥാനം സന്ദർശിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. മാർച്ച് 12ന് അമിത്ഷാ കേരളത്തിലെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ തൃശ്ശൂരിൽ പറഞ്ഞിരുന്നു. കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്നെന്നും ഷാ പറഞ്ഞിരുന്നു.
അതേസമയം, കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍ നോക്കേണ്ടെന്നും ഇക്കുറി വാരുണയില്‍ നിന്ന് മത്സരിക്കാനും എഐസിസി നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ബിജെപി – ജെഡിഎസ് കൂട്ടുകെട്ട് സാധ്യത മുന്നില്‍ കണ്ട് ഇന്‍റേണല്‍ സര്‍വേയുടെ കൂടി അടിസ്ഥാനത്തിലാണ് നേതൃത്വം അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച വര്‍ക്കിംഗ് പ്രസിഡന്‍റ് ധ്രുവനാരായണയുടെ മകന് സീറ്റ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം കൂട്ടി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയടക്കം കര്‍ണാടകയില്‍ എത്തിയിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് രാഹുലിന്‍റെ സാന്നിധ്യത്തില്‍ മറ്റൊരു പ്രഖ്യാപനം കൂടി കോണ്‍ഗ്രസ് നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അധികാരത്തില്‍ എത്തിയാല്‍ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും.
അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയെന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.