മംഗളൂരു> തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ആളെ എത്തിക്കാൻ കർണാടക സർക്കാർ ചെലവിട്ടത് 3.94 കോടി രൂപ. കഴിഞ്ഞ 27ന് ശിവമോഗ വിമാനത്താവള ഉദ്ഘാടനത്തിനാണ് വൻ തുക ചെലവിട്ട് ആളെയിറക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 1600 കെഎസ്ആർടിസി ബസുകളിലാണ് ആളുകളെ പരിപാടിക്കെത്തിച്ചത്.
ഇതിന്റെ ബില്ലായി 3.93 കോടി രൂപ സർക്കാർ അടച്ചതായി കെഎസ്ആർടിസി പറഞ്ഞു. ആകാശ് ആർ പാട്ടീൽ എന്നയാൾക്ക് വിവരാവകാശത്തിനുള്ള മറുപടിയായാണ് കർണാടക ആർടിസി ശിവമോഗ ഡിവിഷൻ വിവരങ്ങൾ നൽകിയത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് മോദി ബംഗളൂരു– മൈസൂരു അതിവേഗപാതയും ഉദ്ഘാടനംചെയ്തത്. ഇതിന്റെ പ്രചാരണത്തിനും കോടികളാണ് ചെലവിട്ടത്.