കർണാടക : കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്ക് തർക്കം. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളോട് ഹിജാബ് അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കർണാടകയിൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകൾ ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. മാണ്ഡ്യയിലെ റോട്ടറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്ത് നിലയുറപ്പിച്ച അധ്യാപിക ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തത് രക്ഷിതാക്കൾ രംഗത്തെത്തി. തുടർന്ന് വലിയ തർക്കം ഉടലെടുത്തു. വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതിന് പകരം അധികൃതർ തർക്കിക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് സ്കൂൾ അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സ്കൂൾ അധികൃതർ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഹിജാബിനെ ചൊല്ലിയുള്ള പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് തർക്കം രക്ഷിതാക്കളും അധ്യാപകരും ഏറ്റെടുക്കുന്നത്.