ബെംഗളൂരു : ബിൽ മാറാൻ മന്ത്രി കമ്മിഷൻ ചോദിച്ചെന്നാരോപിച്ച് കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജി വയ്ക്കുന്നു. കഴിഞ്ഞദിവസം ആത്മഹത്യപ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തപ്പോഴും രാജിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മന്ത്രി, സമ്മർദമേറിയതിനെ തുടർന്നാണ് ഇന്നലെ തീരുമാനം മാറ്റിയത്. ഇന്നു മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറും. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമാണ്.
സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭം നടത്തുകയും കർണാടക കോൺട്രാക്ടേഴ്സ് ഫെഡറേഷൻ രൂക്ഷവിമർശനമുയർത്തുകയും ചെയ്തിരുന്നു. ബിജെപി നേതൃത്വവും ഈശ്വരപ്പയോടു മാറിനിൽക്കാൻ നിർദേശിച്ചെന്നാണു സൂചന.
ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഇതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. മരിച്ച കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ സംസ്കാര ചടങ്ങുകൾക്ക് ബിജെപി നേതാക്കൾ എത്താത്തതിനെ വിമർശിച്ച് ബെളഗാവിയിലും കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി.