തിരുവനന്തപുരം > ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലായോയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് . കേന്ദ്ര അവഗണനക്കെതിരെ കർണാകടയിലെ കോൺഗ്രസ് സർക്കാരും ഡൽഹിയിൽ സമരത്തിനിറങ്ങുന്നത് ചൂണ്ടികാണിച്ചാണ് മന്ത്രി ഇക്കാര്യം കേരളത്തിലെ കോൺഗ്രസുകാരോട് ചോദിച്ചത്. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ പോയി സമരം നടത്തുന്നത് എന്തിനാണെന്നാണ് ഇവിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനനടക്കമുള്ളവർ ചോദിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോൾ കർണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും എന്ത് പറയാനുണ്ട്? മന്ത്രി എഫ് ബി പോസ്റ്റിൽ ചോദിച്ചു.
എം ബി രാജേഷിന്റെ പോസ്റ്റ് ചുവടെ
ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആവർത്തിച്ച് ഉയർത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കർണാടകയിൽ നിന്ന് വന്നിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും എംഎൽസിമാരും, കേരളം ചെയ്യുന്നത് പോലെ തന്നെ, ഏഴാം തീയതി ഡൽഹിയിൽ സമരം നടത്തുകയാണ്. വിഷയവും നാം ഉന്നയിക്കുന്നത് തന്നെ. കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും. മാത്രമല്ല കർണ്ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചിട്ടുമുണ്ട്. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? കേരളം ഡൽഹിയിൽ സമരം ചെയ്താൽ അത് നാടകം, കർണാടക അതുതന്നെ ചെയ്താലോ? ഡൽഹിയിലെ സമരം തീരുമാനിക്കുന്നതിന് മുൻപ് കേരള സർക്കാർ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചർച്ച നടത്തി അവർക്ക് കൂടി സൗകര്യമുള്ള തീയതിയിൽ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകൾ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോൾ കർണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും എന്ത് പറയാനുണ്ട്?