ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തി കോൺഗ്രസ്. ഒരുവേള ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ഇപ്പോൾ ബി.ജെ.പിയെ 79 സീറ്റിലൊതുക്കി കോൺഗ്രസ് 115 സീറ്റിൽ മുന്നേറുകയാണ്. ജെ.ഡി.എസ് 25 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്ത് മറ്റുള്ളവരാണ് മുന്നിൽ.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ മകനും ചിത്താപൂരിൽ കോൺഗ്രസ് സ്ഥാനാർഥിയുമായ പ്രിയങ്ക് ഖാര്‍ഗെ മുന്നേറുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വോട്ടെണ്ണൽ തുടങ്ങിയ ശേഷം ലീഡ് നില കൈവിട്ടിട്ടില്ല. അതേസമയം, ബി.ജെ.പിയുടെ സ്ഥാനാർഥികളായ എട്ടുമന്ത്രിമാർ പിന്നിലാണ്.
224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ മാത്രമേ യഥാർഥ ചിത്രം തെളിയൂ. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നു. എന്നാൽ, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില. കേവല ഭൂരിപക്ഷമായ 113 സീറ്റ് ആർക്കും നേടാനായില്ലെങ്കിൽ തൂക്കുമന്ത്രിസഭയാകും ഫലം. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും 100ൽ താഴെ സീറ്റ് ലഭിച്ചാൽ ജെ.ഡി-എസ് നിലപാട് നിർണായകമാവും.