തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് തടയുന്നതിൽ വീഴ്ച വരുത്തിയ കേസിൽ സസ്പെൻഷനിലായ സഹകരണ വകുപ്പിലെ 14 ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. നൂറു കോടിയുടെ തട്ടിപ്പ് നടന്ന കേസിൽ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തി 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്ക് തട്ടിപ്പിൽ നേരിട്ടു ബന്ധമില്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുത്തില്ല. സസ്പെൻഷനിലായ രണ്ടു പേർ നേരത്തെ വിരമിച്ചിരുന്നു. അതേസമയം, സസ്പെൻഷൻ റദ്ദാക്കിയവരിൽ ചിലർ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തു കൊടുത്തവരാണെന്ന് നിക്ഷേപകരുടെ കൂട്ടായ്മ ആരോപിച്ചു.കരുവന്നൂർ ബാങ്ക് സെക്രട്ടറി, ക്ലർക്ക് ഉൾപ്പെടെ ആറു പേർ ജയിലിലാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും കേസിൽ പ്രതികളാണ്. ഭരണസമിതി അംഗങ്ങൾക്ക് ജാമ്യം ലഭിച്ചു. മുഖ്യപ്രതി കിരൺ ഇപ്പോഴും ഒളിവിലാണ്.