തൃശൂർ: കരുവന്നൂർ ബാങ്ക് കൺസോർഷ്യവുമായി യു ഡി എഫ് ഭരിക്കുന്ന ബാങ്കുകളും സഹകരിക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ. സഹകരിക്കാത്ത സംഘങ്ങൾക്ക് എങ്ങനെ മുന്നോട്ടു പോകാനാകുമെന്നും എ കെ കണ്ണൻ ചോദിച്ചു. സഹകരിച്ചില്ലെങ്കിൽ ഇവർക്ക് എങ്ങനെ കേരള ബാങ്കിൻ്റെ സഹായം ലഭിക്കും. സഹകരിക്കില്ലെന്ന ഡി സി സി പ്രസിഡൻ്റിൻ്റെ പ്രസ്താവന ഇക്കാര്യത്തെ കുറിച്ച് വിവരമില്ലാത്തതിനാൽ. പല യു ഡി എഫ് ബാങ്കുകളും കൺസോർഷ്യത്തിൻ്റെ ഭാഗമാകാൻ സമ്മതപത്രം തന്നുവെന്നും കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ വ്യക്തമാക്കി. വായ്പാ തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിന്കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ് ആണ് തയാറാക്കിയത്. ഇതിനായി തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യവും രൂപീകരിച്ചു.
അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തൃശൂർ ജില്ലയിലെ ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതമാണ് സമാഹരിക്കുക. ഇങ്ങനെ കിട്ടുന്ന 100 കോടിയിൽ 25 ശതമാനം നിക്ഷേപർക്ക് നൽകും. ബാക്കി തുക ബാങ്കിൻ്റെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ തിരികെ നൽകും. 7 അംഗ സമിതി മേൽനോട്ടം വഹിക്കും. ഏഴര ശതമാനം പലിശയാണ് ബാങ്കുകൾക്ക് നൽകുക. കേരള ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം ആറേകാൽ ശതമാനമാണ് ബാങ്കുകൾക്ക് പലിശ ലഭിക്കുക. അതിനാൽ കൺസോർഷ്യത്തിന് ഭാഗമാകുന്നത് പ്രാഥമിക സഹകരണ ബാങ്കുകൾക്കും ഊർജം പകരും.