തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ സ്വത്തുവിവരങ്ങൾ ഇഡിക്കു മുന്നിൽ ഹാജരാക്കി. രേഖകൾ വിശദമായി പരിശോധിച്ച ശേഷം എം.കെ. കണ്ണനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും. രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴും എം.കെ. കണ്ണൻ സ്വത്തു വിവരം ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇഡിയുടെ അന്ത്യശാസനം.ഈ മാസം അഞ്ചാം തീയതിയ്ക്കകം എം.കെ. കണ്ണന്റെ സ്വത്തു വിവരങ്ങളും ആദായ നികുതി വകുപ്പിന്റെ രേഖകളും ഹാജരാക്കണമെന്നായിരുന്നു നിർദേശം. സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കണ്ണന്റെ പ്രതിനിധികൾ രേഖകൾ കൊച്ചി ഓഫിസിലെത്തി ഹാജരാക്കിയത്.
അതിനിടെ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി.ആർ. രാജനും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരവും ചോദ്യം ചെയ്യനിലായി ഇഡിക്കു മുന്നിൽ ഹാജരായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ പെരിങ്ങണ്ടൂർ ബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്, ചാർട്ടഡ് അക്കൗണ്ടന്റായിരുന്ന സനിൽ കുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.