തിരുവനന്തപുരം > കരുവന്നൂർ സഹകരണ ബാങ്ക് പൂർവസ്ഥിതിയിലേക്ക് തിരിച്ചുവന്നുതുടങ്ങിയതായി മന്ത്രി വി എൻ വാസവൻ. പ്രശ്‌നപരിഹാരത്തിനും നിക്ഷേപകരുടെ ആശങ്കകൾ പരിഹരിഹരിക്കാനും സഹകരണവകുപ്പ് സ്വീകരിച്ച നടപടികൾ ഫലം ചെയ്‌തു. നിക്ഷേപകർക്ക് 103 കോടിരൂപയിലേറെ തിരിച്ചു നൽകാൻ കഴിഞ്ഞു. തിരികെ ലഭിച്ചവർ ബാങ്കുമായുള്ള ബന്ധം നിലനിർത്താൻ ചെറിയ തുകയെങ്കിലും വീണ്ടും നിക്ഷേപിക്കാൻ താൽപര്യപ്പെടുകയാണ്. ഒരു ലക്ഷംവരെയുള്ള നിക്ഷേപങ്ങൾ പൂർണമായും തിരിച്ചു നൽകും. വലിയ നിക്ഷേപങ്ങൾക്ക് കോടതി നിർദേശിച്ചതിനനുസരിച്ച് പലിശ ഉൾപ്പെടെ നൽകിക്കൊണ്ടിരിക്കുകയാണ്.
പുതിയ വായ്‌പകൾ നൽകാനും സ്വർണപ്പണയം എടുക്കാനും തുടങ്ങി. കുടുംബശ്രീയ്‌ക്ക് വായ്‌പ നൽകിത്തുടങ്ങി. കണ്ടല ബാങ്കിലും നിക്ഷേപങ്ങൾ തിരിച്ചുനൽകാനും ആശങ്ക പരിഹരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ ബാങ്കിങ് മേഖലയിൽ കണ്ടെത്തിയ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്.
തുറമുഖ വകുപ്പ് ഏറ്റെടുത്തശേഷം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. പദ്ധതി പൂർത്തിയാക്കുന്നതിന് പണം തടസമാകില്ല. സിയാൽ, ഗോശ്രീപാലം, പരിയാരം മെഡിക്കൽ കോളേജ്, കളമശേരി മെഡിക്കൽ കോളേജ്, കൊച്ചി മെട്രോ തുടങ്ങിയവ യാഥാർഥ്യമാക്കിയപോലെ വിഴിഞ്ഞത്തിനും സഹകരണമേഖലയുടെ സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.