കൊച്ചി: സി.പി.എം ഉന്നത നേതാക്കളുടെ നിർദേശ പ്രകാരമാണ് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് കോടികളുടെ ബിനാമി വായ്പ അനുവദിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ വായ്പകളിൽ തീരുമാനമെടുത്തിരുന്നതും നിയന്ത്രിച്ചിരുന്നതും സി.പി.എം പാർലമെന്ററി കമ്മിറ്റിയാണെന്ന് മൊഴി ലഭിച്ചതായും ഇ.ഡി പറയുന്നു. ബാങ്ക് മുൻ മാനേജർ ബിജു കരീം, സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ മൊഴിയിലാണ് ഈ വിവരമുള്ളത്.
അനധികൃത വായ്പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. സ്വത്തു കണ്ടുകെട്ടിയ റിപ്പോർട്ടിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. കോടികള്‍ വായ്പയെടുത്തശേഷം പണം തിരിച്ചടക്കാത്ത 90 പേരുടെ പട്ടികയാണ് ഇ.ഡിക്ക് ലഭിച്ചത്. ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളുടേത് അടക്കം സ്വത്താണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.
ഒന്നാം പ്രതി സതീഷ് കുമാറിന്റെയും ഭാര്യ ബിന്ദുവിന്റെയും 46 അക്കൗണ്ടുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 24 വസ്തുവകകളും കണ്ടുകെട്ടി. മൂന്നാം പ്രതി സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ വിവിധ ബാങ്കുകളിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളും മരവിപ്പിച്ചു. സതീഷിന്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടിയാണ്. മൂന്നാം പ്രതി ജിൽസിന്റെ മൂന്ന് സ്വത്തുവകകള്‍ക്കെതിരെയും നടപടിയുണ്ട്.
അരവിന്ദാക്ഷന്റെ എസ്.ബി.ഐ അക്കൗണ്ടിലൂടെ 2014- 2018 വരെ 66 ലക്ഷത്തിന്റെ ഇടപാട് നടന്നു. കേസിൽ ഇതുവരെ 35 പേരുടെ സ്വത്താണ് കണ്ടുകെട്ടിയത്.