തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് നാലുവർഷമായിട്ടും സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തത് എന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ഓർമപ്പെടുത്തി. കേസിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് എംപി മൊഴി നൽകി. ഡയറക്ടർ ബോർഡിനപ്പുറം പാർട്ടിയുടെ മറ്റ് സംവിധാനങ്ങളെ കുറിച്ച് അറിയില്ല. കരുവന്നൂർ ബാങ്കിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്നത് ഇ.ഡിക്ക് ബോധ്യപ്പെട്ടെന്നും കെ.രാധാകൃഷ്ണൻ പ്രതികരിച്ചു.
സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ നേരത്തെ കൈമാറിയിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല. പാർട്ടി തീരുമാനങ്ങൾ ഇഡിയോട് വിശദീകരിച്ചു. ഇഡി ചോദ്യം ചെയ്തത് ഒരു മണിക്കൂർ മാത്രമെന്നും കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. ബാക്കി സമയം ഓഫീസിൽ ഇരുന്നതായും അദ്ദേഹം വിശദമാക്കി. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ഇഡി എംപിയെ എട്ടു മണിക്കൂർ ഓഫീസിൽ ഇരുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബാങ്കിൽ നടന്ന തട്ടിപ്പിനെ കുറിച്ചാണ് എംപിയോട് ഇഡി ചോദിച്ചത്. അതേസമയം മന്ത്രി രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇ.ഡി തീരുമാനം. കള്ളപ്പണ ഇടപാട് കേസിൽ ഇഡി അന്തിമ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.