കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. മൂന്ന് മാസത്തില്‍ അധികമായി ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാണ്. കിടപ്പ് രോഗികളെയും മറ്റും ചുമന്നാണ് മുകള്‍ നിലകളിലേക്ക് എത്തിക്കുകയും ഇറക്കുകയും ചെയ്തിരുന്നത്. ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാകാന്‍ 15 ദിവസം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസവും രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കിയിരുന്നു.
ബേക്കല്‍ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ചുമന്നിറക്കിയത്. ലിഫ്റ്റ് കേടായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മറ്റൊരു രോഗിയെ ആറാം നിലയില്‍ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.