കാസർകോട് ∙ നാടാകെ ഭീതിയിൽ കഴിയുമ്പോൾ, വര്‍ഷങ്ങളായി തെരുവുനായ്ക്കൾക്കു സ്വന്തം വീട്ടില്‍ അഭയമൊരുക്കുന്ന ഒരമ്മയും മകളും ശ്രദ്ധ നേടുന്നു. കാസര്‍കോട് പനത്തടി കോളിച്ചാല്‍ സ്വദേശി കമ്മാടത്തുവും മകള്‍ കാര്‍ത്ത്യായനിയുമാണു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ വീട്ടിലെത്തിച്ചു സംരക്ഷിക്കുന്നത്. പ്രായമായ ഈ അമ്മയും മകളും നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണു തെരുവുനായ്ക്കൾക്കായി ജീവിക്കുന്നത്.
അൻപത്തിയാറുകാരിയായ കാര്‍ത്ത്യായനിക്ക് ഓര്‍മവച്ച നാള്‍ മുതല്‍ വീട്ടില്‍ നായ്ക്കളുണ്ട്. കാര്‍ത്ത്യായനിയുടെ പ്രായം കൂടുന്തോറും വീട്ടിലെ നായ്ക്കളുടെ എണ്ണവും കൂടി; ഒപ്പം നാട്ടുകാരുടെ എതിർപ്പും. 11 നായ്ക്കൾ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറെണ്ണം മാത്രമാണ് ബാക്കിയുള്ളത്. നായ്ക്കളെ ഉപദ്രവിക്കുന്നവരോട് വെറുപ്പ് മാത്രമാണുള്ളതെന്നു കാര്‍ത്ത്യായനി പറയുന്നു. നായ്ക്കൾക്കു ലൈസന്‍സ് എടുക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.