രാജപുരം: കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം. കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്. റായ്ച്ചൂർ സ്വദേശിയായ 22കാരൻ അറീബുദ്ധീൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. റാണിപുരത്തേക്കുള്ള വഴിയിൽ പെരുതടി അങ്കണവാടിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
അറീബുദ്ധീൻ ഉൾപ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണ നഷ്ടമായ കാർ ഓടയിൽ വീഴുകയായിരുന്നു. അപകടസമയത്ത് കാറിനും മൺതിട്ടയ്ക്കും ഇടയിലായി പോയ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. അറീബുദ്ധീന് ഒപ്പമുണ്ടായിരുന്ന സഹപാഠികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ അപകടം പതിവാണെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ രണ്ട് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അപകടമുണ്ടായതിന് സമീപത്തായിരുന്നു ഈ അപകടമുണ്ടായ സ്ഥലവും. കുത്തനെ ഇറക്കവും വളവുകളോടും കൂടിയതാണ് ഈ മേഖലയിലെ റോഡുകൾ. പലയിടത്തും മുന്നറിയിപ്പ് സൂചനകളും ഇവിടെയില്ല. അടുത്തിടെ റോഡ് നവീകരണം പൂർത്തിയായതോടെ റാണിപുരം കാണാനെത്തുന്ന സഞ്ചാരികൾ അലക്ഷ്യമായി വാഹനം ഓടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. വളവുകളിൽ വേലികളും മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത് സഞ്ചാരികളെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒരു പരിധി വരെ കുറയുമെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.