കൊച്ചി: കശ്‍മീർ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീർ ഉൾപ്പെടെ 10 പേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് വിധി. എം.എച്ച്. ഫൈസൽ, ഉമർ ഫറൂഖ്, മുഹമ്മദ് നവാസ് എന്നീ പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.
ശിക്ഷയിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ബാക്കിയുള്ള 13 പേർക്ക് ഇരട്ട ജീവപര്യന്തമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്. നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക്ക് ഭീകര സംഘടനയായ ലഷ്കറെ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്.