ശ്രീനഗർ∙ ജമ്മു കാശ്മീരിൽ ഷോപിയാൻ ജില്ലയിൽ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ടയാളെ ഭീകരർ വെടിവച്ചുകൊന്നു. പ്രദേശ വാസികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ഭീകരർ കൊല്ലുന്നത് വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം. പുരൻ കൃഷൻ ഭട്ട് ആണ് കൊല്ലപ്പെട്ടത്.
അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങുന്ന ആളായിരുന്ന പുരൻ കൊല്ലപ്പെട്ടത് ഭയാനകമായ കാര്യമാണെന്ന് ബന്ധു പറഞ്ഞു. ഏഴിൽ പഠിക്കുന്ന പെൺകുട്ടിയും അഞ്ചിൽ പഠിക്കുന്ന ആൺകുട്ടിയുമാണ് പുരനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.ഓഗസ്റ്റ് പതിനാറിന് ആപ്പിൾ തോട്ടത്തിൽ വച്ചും കാശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നിരുന്നു. അഞ്ച് മാസം മുമ്പ് ബുഡ്ഗാമിൽ സർക്കാർ ഓഫിസിൽ പണ്ഡിറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം ഉടലെടുത്തു. തിരഞ്ഞുപിടിച്ച് വധിക്കാൻ ആരംഭിച്ചതോടെ 5000 പണ്ഡിറ്റുകൾ കൃത്യമായി ജോലിക്ക് ഹാജരാകാത്ത സ്ഥിതിയാണ്. മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റം ആവശ്യപ്പെടുകയാണ് ഇവർ.
അതേ സമയം, ഇത്തരം കൊലപാതകങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ചെറിയ ആയുധങ്ങൾ പലയിടത്തും ധാരാളമായി കടത്തുന്നുണ്ട്. ഇത് ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലാൻ ആണെന്ന് സംശയിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് ഇത്തരം കൊലപാതകങ്ങൾ വർധിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളുമാണ് കൊല്ലപ്പെടുന്നത്.