നയൻതാരയുടെ കല്യാണത്തോടെയാണ് ചക്ക ബിരിയാണിയെ കുറിച്ച് മലയാളികൾ കേട്ടത്. കത്തൽ ബിരിയാണി എന്നാണ് ഇത് അറിയപ്പെടുന്നത്. ചക്ക ധാരാളമായി കിട്ടുന്ന കേരളത്തിൽ അത്ര പ്രശസ്തമല്ലെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്ക് ഒക്കെ വിശിഷ്ട വിഭവമായി തയാറാക്കപ്പെടുന്നു. അധികം മൂക്കാത്ത ചക്ക ഇറച്ചി മസാല പോലെ വേവിച്ചാണ് ചക്ക ബിരിയാണി തയാറാക്കുന്നത്.
ചക്ക മസാല തയാറാക്കാനുള്ള ചേരുവകൾ
ഇടിച്ചക്ക – 400 ഗ്രാം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
പെരുംജീരകപ്പൊടി – അര ടീസ്പൂൺ
നാരങ്ങാനീര് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 4 ടേബിൾസ്പൂൺ
എണ്ണ – 4 ടേബിൾസ്പൂൺ
ഏലയ്ക്ക – 5
ഗ്രാമ്പൂ -5
കറുവപ്പട്ട – ഒരു ചെറിയ കഷണം
തക്കോലം – 1
കറുത്ത ഏലയ്ക്ക – 1
സവാള – 4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ
പച്ചമുളക് – 4
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – അര ടേബിൾ സ്പൂൺ
മല്ലിപ്പൊടി – അര ടേബിൾസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
തക്കാളി – ഒന്ന് ചെറുത്
തൈര് – കാൽ കപ്പ്
മല്ലിയില – 2 ടേബിൾ സ്പൂൺ
പുതിനയില – 2 ടേബിൾ സ്പൂൺ
വെള്ളം – 2 കപ്പ്
അണ്ടിപ്പരിപ്പ് – 15
ചോറ് തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
ബസ്മതി അരി – 2 കപ്പ്
ഏലയ്ക്ക – 4
ഗ്രാമ്പൂ-4
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
സാ ജീരകം – അര ടീസ്പൂൺ
കുരുമുളക് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – രണ്ട് ടേബിൾസ്പൂൺ
കുങ്കുമപ്പൂവ് – കാൽടീസ്പൂൺ
പാല് – കാൽകപ്പ്
മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ട് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കുങ്കുമപ്പൂവ് ചെറുതായി ഒന്ന് ചൂടാക്കി കൈകൊണ്ട് തിരുമ്മി പൊടിച്ച് ചൂടു പാലിൽ കുതിർത്തു വയ്ക്കുക.(കുങ്കുമപ്പൂവിന് പകരം അൽപം മഞ്ഞൾപ്പൊടി ചേർത്താലും മതി)
ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
15 അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർത്തുവയ്ക്കുക.അധികം മൂപ്പെത്താത്ത ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഉപ്പു വെള്ളത്തിൽ മുക്കിവയ്ക്കുക.
ചവർപ്പുള്ള ചക്കയാണെങ്കിൽ 2 മിനിറ്റു തിളച്ച വെള്ളത്തിൽ മുക്കി എടുക്കാം.
ചക്കയിലേക്കു മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പെരും ജീരകപ്പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്ത് പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അലങ്കരിക്കാനുള്ള സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ വറുത്തുകോരുക.
ഇതേ നെയ്യിൽ ചക്ക കഷ്ണങ്ങൾ നിരത്തി ഓരോ വശവും അഞ്ചുമിനിറ്റ് വീതം മൊരിച്ചെടുക്കുക.
ഈ പാത്രത്തിൽ തന്നെ എണ്ണയോ നെയ്യോ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, കറുത്ത ഏലയ്ക്ക, തക്കോലം ഇവ ചേർത്ത് വഴറ്റുക.
മൂന്ന് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ചേർക്കുക.പച്ചമണം മാറുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ജീരകപ്പൊടി ഇവ ചേർത്തു വഴറ്റുക.ചെറുതായി അരിഞ്ഞ തക്കാളിയും തൈരും ചേർക്കുക. രണ്ടു കപ്പ് തിളച്ച വെള്ളം കൂടി ചേർത്തു നന്നായി തിളയ്ക്കുമ്പോൾ ചെറുതായി അരിഞ്ഞ മല്ലിയില, പുതിനയില, വറുത്ത ചക്ക കഷ്ണങ്ങൾ ഇവ ചേർക്കുക.അടച്ചു വച്ച് ചെറിയ തീയിൽ 15 മിനിറ്റു മുതൽ അര മണിക്കൂർ വരെ വേവിക്കുക. (ഓരോ ചക്കയും വേവുന്ന സമയം വ്യത്യസ്തമായിരിക്കും. വേവ് കൂടുതലുള്ള ചക്കയാണെങ്കിൽ ഒരു പ്രഷർ കുക്കറിൽ വേവിക്കാം).
ചക്ക വേവുന്ന സമയം കൊണ്ട് തന്നെ ചോറും വേവിച്ചെടുക്കാം. പാത്രത്തിൽ എട്ടു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മസാലകളും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർക്കുക.
വെട്ടിത്തിളയ്ക്കുമ്പോൾ അരിയിട്ട് വേവിക്കുക. 80% വേവുമ്പോൾ വെള്ളം ഊറ്റി കളയുക.
വെന്ത ചക്ക മസാലയിലേക്ക് അണ്ടിപ്പരിപ്പ് അരച്ചത് ചേർക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാം.നന്നായി കുറുകി കഴിയുമ്പോൾ തീ ഏറ്റവും കുറച്ച് ചക്ക മസാലയുടെ മുകളിലേക്ക് തയാറാക്കിയ ചോറ് നിരത്തുക.മല്ലിയില, പുതിനയില, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, വറുത്ത സവാള ഇവ വിതറുക.രണ്ട് ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ച് ഒരു അടപ്പു വച്ച് അടച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.രുചികരമായ ചക്ക ബിരിയാണി തയാർ.