തിരുവനന്തപുരം > കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ മനഃപൂർവം വാഹനമിടിപ്പിക്കുകയായിരുന്നു എന്നു കണ്ടെത്തി. വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരൻ ആദി ശേഖറാണ് മരിച്ചത്. സംഭവത്തിൽ പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. വാഹനാപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ആദി ശേഖർ സൈക്കിളെടുത്ത് പോകാൻ തുടങ്ങുന്നതിനിടെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ കുട്ടിയുടെ ശരീരത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മരിച്ച ആദി ശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജൻ.ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ- ദീപ ദമ്പതികളുടെ മകനാണ് ആദി ശേഖർ. കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.