തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്ന് തെളിയിക്കുന്നതാണ് തെളിവുകൾ. ഒന്നര ദിവസം കൊണ്ട് നിർമിച്ചതാണ് മൃതദേഹം കുഴിച്ചിട്ട കുഴിയെന്നാണ് വിവരം. ആ സമയമത്രയും മൃതദേഹം മുറിയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, മൂന്നടി വ്യാസമുള്ള കുഴിയിൽ നാലടി താഴ്ചയിലായി മൃതദേഹം കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ പായ്ക്ക് ചെയ്ത നിലയിലാണ് കുഴിച്ചിട്ടതെന്ന് കഞ്ചിയാർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് അറിയിച്ചു. അസ്ഥികൂടവും മുടിയും മാത്രമാണ് അവശിഷ്ടങ്ങളിലുള്ളതെന്നും മൃതദേഹവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റുമെന്നും അറിയിച്ചു. മൃതദേഹം അഴുകിയ നിലയിലായതിനാൽ വിജയന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.
മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇടുക്കി എസ്.പി ടി.കെ. വിഷ്ണുപ്രദീപ് സ്ഥിരീകരിച്ചു. ചുറ്റിക കൊണ്ട് തലക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ ഇന്ന് തന്നെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ കുഴിച്ചിട്ടതായാണ് പ്രതി നിതീഷിന്റെ മൊഴി. ഇതനുസരിച്ചാണ് വീട്ടിലെ മുറിയിൽ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തിയത്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.
അതേസമയം, കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെ പ്രതി കേസിൽ ചേർത്തു. നിതീഷാണ് കേസിലെ മുഖ്യ പ്രതി. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ഇത് സുമയുടെയും വിഷ്ണുവിന്റെയും ഒത്താശയോടെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2016ൽ കട്ടപ്പനയിലെ വീട്ടിൽ വെച്ച് നവജാത ശിശുവിനെയും കൊലപ്പെടുത്തി. നിതീഷും, വിജയനും വിഷ്ണുവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസിന്റെ എഫ്.ഐ.ആറിലുണ്ട്. ആഭിചാര ക്രിയകൾ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും അതിനെ സാധൂകരിക്കും വിധമാണ് വീട്ടിലെ ജീവിത സാഹചര്യങ്ങൾ.
കക്കാട്ടുകടയിലെ വീട്ടിൽ ആരൊക്കെയുണ്ടെന്ന് പരിസരവാസികൾക്കും വലിയ ധാരണയില്ല. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.