കട്ടപ്പന: കട്ടപ്പനയിൽ അഞ്ജാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ ആണ് മരിച്ചത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പോലീസിന് നൽകിയിരുന്നു.
ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് രാത്രി രാത്രി ഒൻപതോടെ കട്ടപ്പന-വെള്ളയാംകുടി റൂട്ടിൽ റോഡരുകിലൂടെ നടന്നു പോയപ്പോഴാണ് അമിത വേഗത്തിലെത്തിയ കാർ കുഞ്ഞുമോനെ ഇടിച്ചു തെറിപ്പിച്ചത്. ഡിസംബർ 26 ന് പകൽ 11 നാണ് ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്.
ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. ഇക്കാര്യം പോലീസിൽ അറിയിച്ചെങ്കിലും ആദ്യം കാര്യമായ അന്വേഷണം ഉണ്ടായില്ല. അപകടത്തിന് മമ്പ് ഇതേ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ഔട്ട്‌ലെറ്റിന് മുമ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ സി സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കുഞ്ഞുമോനെ ഇടിച്ചത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്ന് വ്യക്തമാണ്.
ബന്ധുക്കൾ ഇടുക്കി എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. വാഹനം കടന്ന് പോയ സ്ഥലങ്ങളിലെ 40 സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇതുവരെ വെള്ള നിറത്തിലുള്ള നൂറോളം ഇയോൺ കാറുകളും പോലീസ് പരിശോധിച്ചു കഴിഞ്ഞു. എന്നാൽ അപകടത്തിന് കാരണമായ കാർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ നിന്നും നമ്പർ പ്ലേറ്റ് വ്യക്തമാകാത്തതാണ് തടസ്സമെന്നാണ് പോലീസ് പറയുന്നത്. കട്ടപ്പന സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.