കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകി. ഇന്നലെ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയിൽ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവു ലഭിച്ചിരുന്നില്ല.
പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.