കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യില്ല. അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയിട്ടില്ലെന്ന് അറിയിച്ചു.
ബുധനാഴ്ചയാവും ചോദ്യംചെയ്യല്‍.അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരി ഭർത്താവ് പറയുന്ന ശബ്ദസന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ എത്താനായിരുന്നു കാവ്യയ്ക്കു നൽകിയ നിർദേശം.
ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചാണു താൻ കേസിൽ പ്രതി ചേർക്കപ്പെട്ടതെന്ന ദിലീപിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാൻ ഉപയോഗിച്ച ടാബ് ദിലീപ് പിന്നീട് ഏൽപിച്ചതു കാവ്യയെയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴിയും നൽകിയിരുന്നു. ബാലചന്ദ്രകുമാറിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.