കൊല്ലം : താരസംഘടന ‘അമ്മ’ ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു.
അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതും.
വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം ‘അമ്മ’ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുപടി നൽകണം. വിഷയത്തെ ആദ്യം നിസ്സാരവൽക്കരിച്ചു. എന്നാൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നുവെന്നും കെ.ബി.ഗണേശ്കുമാർ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടർന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയൻ ഗൾഫിലേക്ക് കടന്നപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറൽ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാർവതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാർ ചോദിച്ചു.