തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രക്കാരോട് അന്തസും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം ഓരോ ജീവനക്കാരനിലും ഉണ്ടാകണമെന്നതടക്കം നിർദേശങ്ങളാണ് കത്തിൽ.
താൻ മന്ത്രിയായി ചുമതലയേറ്റപ്പോൾ മുഖ്യമന്ത്രി ജീവനക്കാരുടെ ക്ഷേമത്തിനും കെ.എസ്.ആർ.ടി.സിയുടെ പുരോഗതിക്കും വേണ്ടി മാർഗനിർദേശങ്ങൾ നൽകിയിരുന്നു എന്ന മുഖവുരയോടെയാണ് കത്ത് ആരംഭിക്കുന്നത്. വരുമാനം ചില്ലിക്കാശുപോലും ചോർന്നു പോകാതിരിക്കാനും ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാനും വേണ്ടിയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറയുന്നു.
ഒരാളെ ഉള്ളുവെങ്കിൽ പോലും യാത്രക്കാർ കൈ കാണിച്ചാൽ കൃത്യമായി ബസ് നിർത്തി അവരെ കയറ്റാൻ ശ്രദ്ധിക്കണം. വാഹനങ്ങൾ നമ്മുടെ സ്വന്തം വാഹനം പോലെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കണം. നിരത്തിലെ ചെറുവാഹനങ്ങലെയും കാൽനട യാത്രക്കാരെയും കരുതലോടെ കാണണം. മുതിർന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്‍റെ ഉയരമുള്ള പടി കയറുവാൻ വിഷമത അനുഭവിക്കുന്നത് കണ്ടാൽ കണ്ടക്ടർമാർ അവരെ കൈപിടിച്ച് കയറുവാൻ സഹായിക്കണം. രാത്രി 10 മണി മുതൽ രാവിലെ 6 വരെ സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാതെ ഇരുട്ടിൽ ഇറക്കിവിടുന്ന പരാതിയുണ്ടാകരുത് -കത്തിൽ പറയുന്നു.
കെ.എസ്.ആർ.ടി.സിയിൽ വർഷങ്ങളോളം പ്രവർത്തിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വിരമിച്ച ശേഷം പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്തുതന്നെ കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുവാനും നിലവിൽ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതത്തിലാക്കുവാനും ശ്രമിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്ന പ്രവൃത്തിയല്ലെന്നും ഉണ്ട ചോറിനോടുള്ള നന്ദികേടായി അതിനെ നിരീക്ഷിച്ചാൽ കുറ്റം പറയാനാവില്ലെന്നും കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നു.