തിരുവനന്തപുരം: പുതുതായി വാങ്ങിയ 22 ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മുൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ്. ചടങ്ങിൽ നിന്ന് ആന്‍റണി രാജുവിനെ ഒഴിവാക്കിയതിൽ ഗതാഗത മന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഗണേഷ് കുമാറിന്‍റെ ഓഫീസിന്‍റെ പ്രതികരിച്ചത്. പരിപാടി സംഘടിപ്പിച്ചത് നഗരസഭയാണെന്നും ഗണേഷ് കുമാർ അതിഥിയായാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഗതാഗത വകുപ്പിന്‍റെ വിശദീകരണത്തിൽ പറയുന്നു.
ഇലക്ട്രിക് ബസിന്‍റെ ഉദ്ഘാടന വേദിയുടെ മാറ്റം ഉദ്ഘാടന ചടങ്ങുമായി ഒരു ബന്ധവുമില്ലെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്ഘാടന വേദിയടക്കം തീരുമാനിച്ചത് നഗരസഭയാണും മന്ത്രി മുഖ്യാതിഥി മാത്രമായിരുന്നുവെന്നും വിശദീകരണത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. വസ്തുകൾ ഇങ്ങനെയിരിക്കെയാണ് മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും, അത് അവസാനിപ്പിക്കണമെന്നും വാർത്താക്കുറിപ്പിലൂടെ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങാണ് വിവാദത്തിന് അടിസ്ഥാനമായത്. മന്ത്രി എംബി രാജേഷ് ഫ്ലാഗ് ഓഫ് നടത്തിയപ്പോൾ ഗണേഷും മേയർ ആര്യ രാജേന്ദ്രനുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. എന്നാൽ തന്നെ മനഃപൂർവ്വം ഒഴിവാക്കിയെന്ന് ആരോപിച്ച് മുൻ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്തെത്തിയതോടെയാണ് വിവാദമുണ്ടായത്. പുതിയ ഇലക്ട്രിക് ബസുകൾ തന്‍റെ കുഞ്ഞാണെന്നും ഫ്ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ലെന്നും ആയിരുന്നു ആന്‍റണി രാജുവിന്‍റെ പരാമർശം. തന്‍റെ മണ്ഡലത്തിന്‍റെ ഭാഗമായുള്ള പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെന്നും പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു. പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ലെന്നും .ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്‍റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.