കോട്ടയം: ബെംഗളൂരുവിൽ എത്തിയ താനടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഉമ്മൻ ചാണ്ടിയെ കാണാൻ കുടുംബാംഗങ്ങൾ അനുവദിച്ചില്ലെന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യം വാസ്തവ വിരുദ്ധമെന്ന് കെസി ജോസഫ്. ഫെയ്സ്ബുക്കിലാണ് കെസി ജോസഫ് കുറിപ്പിട്ടത്. പുതുപ്പള്ളിയിൽ ഇടതുമുന്നണി പരാജയം ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നാല് വോട്ട് അധികം നേടി മുഖം രക്ഷിക്കാനുള്ള സി പി എമ്മിൻറെ അവസാനത്തെ അടവാണിത്. ഉമ്മൻ ചാണ്ടി ചികിത്സയ്ക്ക് വേണ്ടി ബെംഗളൂരുവിൽ പോയ ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ മിക്കവാറും തവണ താനും എംഎം ഹസനും ബെന്നി ബെഹന്നാനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഒറ്റയ്ക്കും കൂട്ടായും ബെംഗളൂരുവിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസ്സ് സംഘടനാ വിഷയങ്ങളും സംബന്ധിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ബെംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്ന ചാണ്ടി ഉമ്മൻ ആ ദിവസങ്ങളിൽ ബാംഗ്ലൂരിൽ ഉണ്ടായിരുന്നില്ല. മരണത്തിന് ഉദ്ദേശം ഒരാഴ്ച മുൻപ് ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടടുത്താണ് ഞങ്ങൾ ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ആ സമയത്ത് ചികിത്സ നടക്കുകയായിരുന്നു. ഭാര്യയുമായും കുടുംബവുമായും പല കാര്യങ്ങളും സംസാരിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടിയെയും കണ്ടു. അതിന് ശേഷമാണ് തങ്ങൾ മടങ്ങിയത്.
ഇതേപ്പറ്റി അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മൻ ഞങ്ങളെ കാണുവാൻ സമ്മതിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും അടിസ്ഥാന രഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളിൽ നിന്നും അപവാദ പ്രചരണങ്ങളിൽ നിന്നും സിപിഎമ്മും അവരുടെ സൈബർ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.