ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ഏപ്രിൽ 15 മുതല്‍ ഏപ്രിൽ 30 വരെ ജില്ലാടിസ്ഥാനത്തിൻ ജയിൽ നിറയ്ക്കൽ സമരവും നടത്തും. ജനാധിപത്യത്തെ സംരക്ഷിക്കാൻ 19 പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിലുണ്ടാകും. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
പാർലമെൻ്റിന്‍റെ ബജറ്റ് സമ്മേളനം ബിജെപി അദാനിക്ക് സമർപ്പിച്ചിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ വിമര്‍ശിച്ചു. ഔദ്യോഗിക വസതി നഷ്ടപ്പെട്ടതിൽ രാഹുലിന് ദുഃഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അപ്പീൽ എപ്പോൾ നൽകണമെന്ന് ലീഗൽ ടീം തീരുമാനിക്കുമെന്നും വൈകാതെ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പിനെ ഭയമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ രാഹുലിനെതിരായ നടപടിയിൽ പ്രകോപിതരാണ്. ഉപതെരഞ്ഞെടുപ്പ് എന്തിനെന്നാണ് വയനാട്ടിലെ ജനങ്ങൾ ചോദിക്കുന്നത്. രാഹുലിനെതിരായ കേസ് നടത്തുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.