ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, പ്രതിഷേധ റാലിയുമായി മുന്നോട്ടുതന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്ന് കെ.സി. വ്യക്തമാക്കി. മോദിക്കും അമിത് ഷാക്കും എന്തിനാണ് പേടിയെന്നും അദ്ദേഹം ചോദിച്ചു. കേസിൽ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങും. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട സമയമാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്കിയിരുന്നു.