ദില്ലി: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തിനായി ഡി കെ ശിവകുമാർ ശക്തമായ അവകാശവാദം ഉന്നയിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിച്ചതും ഡി കെ ശിവകുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അധ്യക്ഷന്‍ തീരുമാനമെടുക്കട്ടേ എന്നായിരുന്നു വിഷയത്തില്‍ സോണിയ ഗാന്ധിയുടെ നിലപാടെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ ടേം വ്യവസ്ഥയില്ലെന്നും ആവര്‍ത്തിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരു പോലെ അര്‍ഹരാണ്. കര്‍ണാടകയിലെ വിജയത്തിന് പിന്നില്‍ രണ്ട് പേരുടെയും കഠിനാധ്വാനമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി കെ ശിവകുമാർ ശക്തമായ അവകാശവാദം ഉന്നയിച്ചെങ്കിലും ചര്‍ച്ചയിലൂടെ എല്ലാം പരിഹരിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കര്‍ണാടകയില്‍ ടേം വ്യവസ്ഥയില്ലെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്നും വേണുഗോപാൽ വ്യക്തമാക്കി. ശിവകുമാർ ഉപമുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടകയില്‍ മന്ത്രിമാരെ രണ്ട് ഘട്ടമായി തീരുമാനിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കുമെന്ന് പറഞ്ഞ കെ സി കര്‍ണാടക വിജയം കേരളത്തില്‍ വര്‍ധിത വീര്യമുണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.